പാറ്റ്ന: സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പൂർണിയ എംപി പപ്പു യാദവിനെതിരെ ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. പപ്പു യാദവിന്റെ പരാമർശങ്ങൾ "അങ്ങേയറ്റം അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണ്" എന്ന് നിരീക്ഷിച്ച കമ്മീഷൻ, സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എംപിയുടെ വാക്കുകൾ സ്ത്രീകളുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അശ്വമേധ് ദേവി പറഞ്ഞു. പരാമർശത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്. പപ്പു യാദവിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ, അദ്ദേഹത്തെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കാൻ ശുപാർശ ചെയ്തുകൊണ്ട് രാഷ്ട്രപതിക്കും സ്പീക്കർക്കും കത്തയക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.